ഉപ്പുകുന്ന്: തീര്‍ഥാടനകേന്ദ്രമായ ഉപ്പുകുന്ന് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളായ ഇന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ ഒത്തുചേരും.
രാവിലെ 10.15ന് ലദീഞ്ഞ്, 10.30ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 12.15ന് കപ്പേളയിലേക്ക് പ്രദക്ഷിണം. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച. ഒന്നിന് ഊട്ടുനേര്‍ച്ച. വീടുകളിലേക്ക് ഊട്ടുനേര്‍ച്ച കൊണ്ടുപോകുന്നവര്ക്കായി പാഴ്സല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സമുദ്രനിരപ്പില്‍നിന്ന് 3,200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം കാഴ്ചയുടെ വിരുന്നൊരുക്കുന്നു. നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ധാരാളം പേര് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തുന്നുണ്ടെന്ന് വികാരി ഫാ. ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍ പറഞ്ഞു.
തിരുനാളിനോടനുബന്ധിച്ച് രാവിലെ 9.10ന് തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഉപ്പുകുന്നിലേക്ക് സര്‍വീസ് നടത്തും. 9.30ന് കരിമണ്ണൂര്‍, 9.40ന് ഉടുമ്പന്നൂര്‍, 9.50ന് ചീനിക്കുഴി, 10ന് പെരിങ്ങാശേരി, 10.15ന് ഉപ്പുകുന്ന് എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.